IN VOGUE
പ്രൊഫഷണൽ ബിരുദധാരികൾ രാജ്യത്തിന് ബാധ്യതയാകുന്നുവോ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് ബിരുദധാരികൾ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നു. അതോടൊപ്പം, ഐ.ടി., ലൈഫ് സയൻസസ്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകളുടെ ഉദയവും വളർച്ചയും സമീപകാലത്ത് ശ്രദ്ധേയമാണ്. ഈ മേഖലകൾ ഇന്ത്യൻ യുവാക്കൾക്ക് വൈറ്റ്-കോളർ (ഓഫീസ് അടിസ്ഥാനത്തിലുള്ള) തൊഴിലവസരങ്ങളുടെ പുതിയ വഴികൾ തുറന്നുകൊടുത്തിട്ടുമുണ്ട്. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബിരുദധാരികളുടെ ആവശ്യവും വിതരണവും തമ്മിൽ വലിയ പ്രശ്നമില്ലെന്ന് തോന്നാം. എന്നാൽ യാഥാർത്ഥ്യത്തിൽ എല്ലാ ബിരുദധാരികൾക്കും അനുയോജ്യമായ തൊഴിൽ ലഭിക്കുന്നില്ല. അതേസമയം, വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമായ കഴിവുകളുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസപരമായ പ്രശ്നമായി ഇതിനെ വായിക്കാൻ കഴിയും.
വിദ്യാഭ്യാസവും തൊഴിൽവിപണിയും തമ്മിലുള്ള പൊരുത്തക്കേട്
പ്രൊഫഷണൽ വിദ്യാർത്ഥികളാവുക എന്ന സ്വപ്നം ഇന്ന് ഒരു ഭാരമായി തീർന്നിട്ടുണ്ട്. കാരണം ലക്ഷങ്ങൾ ചിലവഴിച്ചത് ഉപകാരമില്ലാതെയായിത്തീരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സാഹചര്യത്തിന് പ്രധാന കാരണം തൊഴിൽയോഗ്യതയിലെ (Employability) കുറവും നൈപുണ്യ വിടവും (Skill Gap) ആണ്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഫെഡറേഷൻ (FICCI) പുറത്തിറക്കിയ ഒരു രേഖയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥ ഇങ്ങനെ വിവരിക്കുന്നു: "ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സംവിധാനം പ്രതിവർഷം ഏകദേശം 3.5 ലക്ഷം എഞ്ചിനീയർമാരെയും 25 ലക്ഷം സർവകലാശാല ബിരുദധാരികളെയും തൊഴിൽശക്തിയിലേക്ക് സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, ഏത് സമയത്തും ഏകദേശം 50 ലക്ഷം ബിരുദധാരികൾ തൊഴിലില്ലാതെ തുടരുന്നു. മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം, ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യൻ എഞ്ചിനീയർമാരിൽ വെറും 25 ശതമാനം പേരെ മാത്രമാണ് തൊഴിൽയോഗ്യരായി കണക്കാക്കുന്നത്."
2025 ജനുവരി 31-ന് പാർലമെന്റിൽ സമർപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേ, ഇന്ത്യയിലെ തൊഴിൽ സേനയുടെ വിദ്യാഭ്യാസ യോഗ്യതകളും അവർ വഹിക്കുന്ന ജോലികളും തമ്മിലുള്ള ഭയാനകമായ പൊരുത്തക്കേട് പുറത്തു കൊണ്ടു വന്നു. സർവേ പ്രകാരം, വെറും 8.25% ബിരുദധാരികൾ മാത്രമേ അവരുടെ യോഗ്യതകൾക്ക് അനുസൃതമായ തസ്തികകളിൽ ജോലി ചെയ്യുന്നുള്ളൂ, സർവേ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പിറ്റിറ്റീവ്നെസ്സ് നൽകുന്ന ഡാറ്റയെ അടിസ്ഥാനമാക്കി, ബിരുദധാരികളിൽ 50%-ത്തിലധികം പേർ ഇപ്പോൾ അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെടാത്ത പ്രാഥമിക (elementary) അല്ലെങ്കിൽ അർധ-നൈപുണ്യ (semi-skilled) തൊഴിലുകളിലാണ് ജോലി ചെയ്യുന്നത്. ഈ അവസ്ഥയെ അണ്ടർഎംപ്ലോയ്മെന്റ് (Underemployment) എന്ന് വിളിക്കുന്നു.
ഈ പ്രവണത ബിരുദാനന്തര ബിരുദധാരികളിലും (Postgraduates) പ്രകടമാണ്. അവരിൽ 44% പേരും സമാനമായ കുറഞ്ഞ നൈപുണ്യം മാത്രം ആവശ്യമായ തൊഴിലുകളിലാണ് ജീവിതം കഴിച്ചു കൂട്ടുന്നത്. ഇത് വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പുറത്തുവരുന്ന കഴിവുകളും തൊഴിൽവിപണിയിൽ ആവശ്യമായ കഴിവുകളും തമ്മിൽ വലിയൊരു പൊരുത്തക്കേട് നിലനിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള തൊഴിലാളികളിൽ വെറും 4.2% പേർക്ക് മാത്രമാണ് പ്രത്യേക വൈദഗ്ധ്യമുള്ള ജോലികളിൽ വർഷം 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നത്. അതേസമയം, പ്രത്യേകിച്ച് കുറഞ്ഞ നൈപുണ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിൽ 46% ഓളം പേർ വർഷത്തിൽ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് സമ്പാദിക്കുന്നത്.
അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റ് (IHD) എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച 'ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024' (India Employment Report 2024) ലെ കണക്കുകൾ സൂചിപ്ലിക്കുന്നത് ബിരുദധാരികളായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നിരക്ഷരരായ യുവാക്കളെ അപേക്ഷിച്ച് ഒൻപത് മടങ്ങ് കൂടുതലാണ്. ബിരുദധാരികളായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.1% ആണ്. എന്നാൽ നിരക്ഷരരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 3.4% മാത്രമാണ്.
വിദ്യാഭ്യാസ നിലവാരം കൂടുന്തോറും തൊഴിലില്ലായ്മ നിരക്കും വർധിക്കുന്നു എന്ന പ്രവണതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
തൊഴിൽവിപണിയെ അവഗണിക്കുന്ന വിദ്യാഭ്യാസ വികസനം
ഇന്ത്യയിൽ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ വിതരണം (supply) അഥവാ ലഭ്യത വളരെ വലുതാണ്. പല സ്ഥലങ്ങളിലും ആവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കപ്പെടുന്നു. സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് 14.9 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ ശേഷിയെ വികസിപ്പിച്ചു വെങ്കിലും 12.53 ലക്ഷം പേർ മാത്രമാണ് പ്രവേശിച്ചത്. കുട്ടികൾക്ക് ആവശ്യത്തിലേറെ വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ടെന്ന് ചുരുക്കം.
കേരളത്തിൽ 1990-ൽ വെറും 8 എഞ്ചിനീയറിങ് കോളേജുകൾ മാത്രമുണ്ടായിരുന്നപ്പോൾ 2019-ഓടെ അത് 179 ആയി ഉയർന്നു. 2025-ൽ വിവിധ കണക്കുകൾ പ്രകാരം 194 മുതൽ 210 വരെ എഞ്ചിനീയറിങ് കോളേജുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്
ഗ്രാജുവേറ്റഡായ വിദ്യാർത്ഥികളുടെഎണ്ണം ജോലികളെ മറികടക്കുന്നു. ഓരോ വർഷവും ഇന്ത്യയിൽ ഏകദേശം 10–15 ലക്ഷം എൻജിനീയറിങ് വിരുദ്ധധാരികൾ പുറത്തുവരുന്നു. എന്നാൽ അതിനനുസരിച്ച് പുതിയ സാങ്കേതിക ജോലികൾ സൃഷ്ടിക്കപ്പെടുന്നില്ല. ചില പഠനങ്ങൾ പ്രകാരം IT-യും ടെക്നോളജി മേഖലയിലുമുള്ള വാർഷിക തൊഴിൽ വളർച്ച ഏകദേശം 3 ലക്ഷം ജോലികൾ മാത്രമാണ്. ഇതിന്റെ ഫലമായി ഒരേ ജോലിക്കായി ആയിരക്കണക്കിന് അപേക്ഷകർ മത്സരിക്കേണ്ടി വരുന്നു. ഇതോടെ പലർക്കും ജോലി ലഭിക്കാതെ വരികയും, ചിലർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് താഴെയുള്ള ജോലികളിൽ പ്രവേശിക്കേണ്ടി വരികയും ചെയ്യുന്നു. ഉദാഹരണത്തിന്, എഞ്ചിനീയറിങ് ബിരുദധാരികൾ ക്ലറിക്കൽ, സെയിൽസ്, ഡെലിവറി തുടങ്ങിയ ജോലികളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അവസ്ഥയാണ് educated unemployment (വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ) എന്നും underemployment (യോഗ്യതയ്ക്ക് താഴെയുള്ള തൊഴിൽ) എന്നും വിശേഷിപ്പിക്കുന്നത്.
സമൂഹത്തിനും രാജ്യത്തിനും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം (Human Capital Wastage)
ഒരു വിദ്യാർത്ഥിയെ B.Teck, MBBS, MBA പോലുള്ള പ്രൊഫഷണൽ കോഴ്സുകളിലൂടെ ബിരുദധാരിയാക്കാൻ കുടുംബവും സർക്കാരും സമൂഹവും വർഷങ്ങളോളം വലിയ സാമ്പത്തിക നിക്ഷേപമാണ് നടത്തുന്നത്. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചെലവ്, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, സർക്കാർ സബ്സിഡികൾ, കോളേജ് അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെടുന്നു. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് പഠനത്തിനൊത്ത തൊഴിൽ ലഭിക്കാതിരിക്കുകയോ, യോഗ്യതയ്ക്ക് താഴെയുള്ള ജോലികളിൽ പ്രവേശിക്കേണ്ടിവരികയോ ചെയ്യുന്നതിലൂടെ നിക്ഷേപത്തിന്റെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോകുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഇതിനെ മാനവ മൂലധനത്തിന്റെ പാഴാക്കൽ (Human Capital Wastage) എന്നാണ് പറയാറ്.
ഉദാഹരണത്തിന്, ഒരു എഞ്ചിനീയറെ സൃഷ്ടിക്കാൻ സമൂഹം ചെലവഴിച്ച വിഭവങ്ങൾ പിന്നീട് എഞ്ചിനീയറിങ് മേഖലയ്ക്ക് പ്രയോജനപ്പെടാതെ മറ്റൊരു താഴ്ന്ന വൈദഗ്ധ്യമുള്ള ജോലിയിലേക്ക് മാറുകയാണെങ്കിൽ, രാജ്യത്തിന് ലഭിക്കേണ്ട ഉൽപ്പാദനക്ഷമതയും നവീകരണ ശേഷിയും നഷ്ടമാകും. ഇതോടെ വ്യക്തിയുടെ വരുമാന സാധ്യത കുറയുകയും, നികുതി വരുമാനം കുറഞ്ഞ് സർക്കാരിനും നഷ്ടമുണ്ടാകുകയും ചെയ്യുന്നു.
അതിനാൽ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ ഒരു വ്യക്തിപരമായ പ്രശ്നം മാത്രമല്ല; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഭവങ്ങളുടെ അപര്യാപ്ത വിനിയോഗം (misallocation of resources) കൂടിയാണ്. വിശദീകരിക്കാം
ഒന്ന് സർക്കാറിന് ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനം കുറയുന്നു. ഉയർന്ന ശമ്പളമുള്ള ജോലി കിട്ടിയാൽ സർക്കാറിന് ആദായനികുതി, GST തുടങ്ങിയ രൂപത്തിൽ കൂടുതൽ വരുമാനം നേടാം. തൊഴിലില്ലായ്മ മൂലം ഈ വരുമാനം നഷ്ടമാകുന്നു.
മറ്റൊന്ന് വിദ്യാഭ്യാസം ഒരു ഉപഭോഗച്ചെലവ് (consumption) മാത്രമല്ല, ഒരു നിക്ഷേപം (investment) കൂടിയാണ്. വ്യക്തിയും കുടുംബവും സർക്കാരും വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുന്നത് ഭാവിയിൽ കൂടുതൽ ഉൽപ്പാദനക്ഷമത, വരുമാനം, നികുതി വരുമാനം, ഗവേഷണം, ആരോഗ്യസേവനം തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇങ്ങനെ വൻതോതിൽ പണം ചെലവഴിക്കുകയും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരികയും ചെയ്യുമ്പോൾ വിഭവങ്ങളുടെ പാഴാക്കൽ (Resource Misallocation) സംഭവിക്കുന്നു. സീറ്റുകൾ, അധ്യാപകർ, ലാബുകൾ, ആശുപത്രികൾ, സർക്കാർ സബ്സിഡി എന്നിവ പരിമിതമാണ്. ഡോക്ടറായി പ്രവർത്തിക്കാത്ത ഒരാൾ ഉപയോഗിച്ച വിഭവങ്ങൾ മറ്റൊരു ഭാവി ഡോക്ടർക്ക് ഉപയോഗിക്കാമായിരുന്നു. ഉപകാരമില്ലാത്ത കാര്യങ്ങൾക്ക് ഊർജം ചെലവാക്കുന്നത് നഷ്ട്ടം വരുത്തുന്നു.
മറ്റു പ്രാധാന രണ്ടു പ്രശ്നങ്ങൾ കൂടിയുണ്ടാകുന്നു. ഒന്ന് Brain Drain വർധനവ് . അഥവാ രാജ്യത്തിലെ ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള വിദ്യാർത്ഥികൾ മികച്ച തൊഴിൽ, ശമ്പളം, ഗവേഷണ സൗകര്യങ്ങൾ, ജീവിതനിലവാരം എന്നിവ തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നു. അപ്പോൾ വിദ്യാഭ്യാസത്തിനായി ഇന്ത്യ ചെലവഴിച്ച വിഭവങ്ങളുടെ നേട്ടം മറ്റൊരു രാജ്യത്തിന് ലഭിക്കുന്നു. MBBS പൂർത്തിയാക്കിയ ഡോക്ടർ NHS (National Health Service) ൽ ജോലി ചെയ്യാൻ യു. കെ യിലേക്ക് പോകുന്നു. 2023 ൽ 60,533 ഇന്ത്യൻ പൗരന്മാർ NHS ൽ ജോലി ചെയ്തിരുന്നു. 2025 ലും ഇന്ത്യൻ ഡോക്ടർമാർ NHS ലെ ഏറ്റവും വലിയ വിദേശ മെഡിക്കൽ സമൂഹങ്ങളിലൊന്നാണ്. ബ്രിട്ടനിലെ മെഡിക്കൽ രജിസ്ട്രേഷനുകളിൽ വിദേശ ബിരുദധാരികളുടെ വലിയൊരു പങ്ക് ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് കൂടെ ചേർത്തി വായിക്കാം. അതുപോലെതന്നെ
അമേരിക്കയിലെ ടെക് കമ്പനികളിലും ഇന്ത്യയിലെ IIT ബിരുദധാരികൾ ജോലി ചെയ്യുന്നുണ്ട്.
രണ്ട് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിക്കാൻ ഇത് കാരണമാകുന്നു. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചവർക്ക് ജോലി ലഭിക്കാത്തപ്പോൾ കടബാധ്യത ഉയരുന്നു. കട ബാധ്യത കൂടുമ്പോൾ സ്വാഭാവികമായും ഉപഭോഗച്ചെലവ് കുറയുന്നു. ഇത് സമ്പദ്വ്യവസ്ഥയിലെ ആവശ്യകതയെയും (demand) ബാധിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ പ്രശ്നത്തിന് പുറമേ കുടുംബപരമായ പല ആഘാതങ്ങൾക്കും ഇത് കാരണമാകുന്നു.
നിലവിൽ ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പ അക്കൗണ്ടുകൾ ലക്ഷക്കണക്കിനാണ്. RBI-യുമായി ബന്ധപ്പെട്ട ഡാറ്റ പ്രകാരം സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസ വായ്പയുടെ കുടിശ്ശിക (outstanding amount) ആയിരക്കണക്കിന് കോടി രൂപയാണ്. 2025 ജൂൺ അവസാനത്തോടെ കേരളത്തിലെ വിദ്യാഭ്യാസ വായ്പ കുടിശ്ശിക (outstanding education loans) ഏകദേശം ₹10,472.48 കോടി ആയി ഉയർന്നു. ഇത് മുൻ പാദത്തേക്കാൾ 12.4% വർധനവാണ്. ബാങ്കിൽ നിന്നും മറ്റും ഭീമമായ സംഖ്യ ലോണെടുത്ത് തിരിച്ചടക്കാനാവാതെ ജീവിതം വഴിയാധാരയിലായിത്തീർന്ന ജീവിതങ്ങളുടെ കഥകൾ നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ. ഇതിൽ ഒരു പങ്ക് രക്ഷിതാക്കൾ മക്കളുടെ തുടർ പഠനത്തിനു വേണ്ടി ലോണെടുക്കുന്നതാണ്.
സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ
വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മയ്ക്ക് ദീർഘകാല പരിഹാരം കൂടുതൽ കോളേജുകളും ഡിഗ്രികളും സൃഷ്ടിക്കുന്നതല്ല; മറിച്ച് വിദ്യാഭ്യാസ സംവിധാനത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. ഇന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വ്യവസായങ്ങൾ ആവശ്യപ്പെടുന്നത് പ്രായോഗിക കഴിവുകൾ, പ്രശ്നപരിഹാര ശേഷി, ആശയവിനിമയ നൈപുണ്യം, സാങ്കേതിക പ്രാവീണ്യം എന്നിവയാണ്. അതിനാൽ ഡിഗ്രി കേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ നിന്ന് സ്കിൽൽബേസ്ഡ് ഇക്കോസിസ്റ്റത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഇതിനായി പാഠ്യപദ്ധതികൾ കാലാനുസൃതമായി പരിഷ്കരിക്കുകയും, ഇന്റേൺഷിപ്പുകളും അപ്പ്രെന്റിസ്ഷിപ്പുകളും നിർബന്ധമാക്കുകയും, വ്യവസായ-വിദ്യാഭ്യാസ സ്ഥാപന സഹകരണം ശക്തിപ്പെടുത്തുകയും, ഗവേഷണത്തിനും സംരംഭകത്വത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും വേണം. ഇന്ത്യയിലെ തൊഴിൽയോഗ്യത പഠനങ്ങൾ ബിരുദധാരികളിൽ ഗണ്യമായൊരു വിഭാഗത്തിന് തൊഴിൽ വിപണി ആവശ്യപ്പെടുന്ന കഴിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം ഡിഗ്രി വിതരണം ചെയ്യുന്ന കേന്ദ്രങ്ങളല്ലാതെ തൊഴിൽസാധ്യതയും നവീകരണശേഷിയും വളർത്തുന്ന കേന്ദ്രങ്ങളായി മാറുമ്പോഴാണ് വിദ്യാഭ്യാസവും തൊഴിൽ വിപണിയും തമ്മിലുള്ള വിടവ് കുറയുകയും തൊഴിലില്ലായ്മയ്ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയും ചെയ്യുക. മറ്റൊന്ന് കേരളടക്കമുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേകിച്ച് പൊതുമേഖല പുതിയകാലത്തെ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ കഴിയും വിധത്തിലുള്ള സാങ്കേതികവിദ്യകളും മറ്റു ആധുനിക സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ഥാപനങ്ങൾക്ക് ബിരുദധാരികളായ പ്രൊഫഷണൽ വിദ്യാർഥികളെ ജോലിക്കായി സ്വീകരിക്കാൻ തടസ്സങ്ങളുണ്ടാകരുത്


Comments (0)
You must be logged in to post a comment.
Loading comments...