ESSAYS
ദാഗിസ്താനി ; തുഹ്ഫതുൽ മുഹ്താജിൻ്റെ സരള വായന

ശാഫിഈ കർമ്മശാസ്ത്ര സരണിയിൽ, ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പ്രധാന അവലംബം. തഹ്ഖീഖ്, തൻഖീഹ് , മജ്മൂഅ് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ശാഫിഈ ഫിഖ്ഹിലുള്ള ഇമാം നവവി (റ) വിൻ്റെ സംഭാവനയാണ് . ഇമാം നവവിയുടെ "അൽ മിൻഹാജ്" ശാഫിഈ ഫിഖ്ഹിൽ ഏറെ മൂല്യമുള്ളതാണ്. ഇമാം റാഫിഈ (റ) വിൻ്റെ അൽ മുഹറർ എന്ന ഗ്രന്ഥത്തിൻ്റെ സംക്ഷേപമാണ് അൽ മിൻഹാജ്. ഈ ഗ്രന്ഥത്തിന് ഖത്വീബു ശിർബീനിയുടെ "മുഗ്നിൽ മുഹ്താജ്", ശംസുദ്ധീൻ റംലിയുടെ "നിഹായതുൽ മുഹ്താജ്" ഉൾപ്പെടെ നൂറിലധികം ശർഹുകൾ( commentary) രചിക്കപ്പെട്ടിട്ടുണ്ട്.
ഈ ശർഹുകളിൽ ഏറ്റവും പ്രധാനപ്പെട്ട വിശദീകരണ ഗ്രന്ഥമാണ് ഇബ്നു ഹജർ അൽ ഹൈതമി (റ) രചിച്ച "തുഹ്ഫതുൽ മുഹ്താജ്". ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ സൂക്ഷ്മമായ അവതരണം കൊണ്ടും ആധികാരികമായ തീർപ്പുകൾ കൊണ്ടും ഇബ്നു ഹജർ (റ) ഉന്നത സ്ഥാനത്തിരിക്കുന്ന പണ്ഡിതനാണ്. കർമ്മശാസ്ത്ര വിഷയങ്ങളെ കാലോചിതമായും പ്രാമാണികമായും സമീപിക്കുന്ന രീതിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പത്തു വാള്യങ്ങളിലായി പരന്നു കിടക്കുന്ന ഈ വിശാലമായ ഗ്രന്ഥം കേവലം പത്തു മാസം (ഹിജ്റ 958 മുഹറം 12 - ദുൽഖഅദ് 27) കൊണ്ട് രചിച്ചു എന്നത് കൗതുകകരമാണ്. ഹാശിയതുൽ കർദി, ഹാശിയതു ശർവാനി തുടങ്ങി നിരവധി ഹാശിയകളും (super commentary) ഈ കിതാബിനുണ്ട്.
പുതുതായി വിരചിതമായതിൽ ഏറ്റവും ആകർഷണീയമായ തഹ്കീഖാണ് അൻവർ ബിൻ അബീബകർ ദാഗിസ്താദിയുടേത്. കേവലം അഞ്ചു വർഷം കൊണ്ട് ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ശാഫിഈ പണ്ഡിതരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ രചന, തുഹ്ഫയുടെ സങ്കീർണ്ണതകൾ അറിയാതെ വായിക്കാനും പഠിക്കാനും ഏറെ സഹായകമാണ്. നാൽപ്പതിലധികം നുസ്ഖകൾ പരിശോധിച്ചാണ് അദ്ദേഹം ഈ കിതാബ് തയ്യാറാക്കിയത്; അതിൽ മുപ്പത്തിനാലെണ്ണം കയ്യെഴുത്തുപ്രതികളും ബാക്കിയുള്ളവ പഴയ അച്ചടിച്ച കോപ്പികളുമാണ്. മിക്ക കയ്യെഴുത്തുപ്രതികളും ദാഗിസ്താനിൽ നിന്നുതന്നെ ലഭ്യമായതാണ്. തുഹ്ഫ ശാഫിഈ സരണിയിലെ പ്രധാന അവലംബ ഗ്രന്ഥമായതുകൊണ്ട് കിതാബ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മുൻഗാമികളായ ദാഗിസ്താൻ ഉലമാക്കളുടെ കുറിപ്പുകളോടു കൂടിയ കൈയെഴുത്തു പ്രതികളും ഈ രചനയിലെ പ്രധാന ഘടകമാണ്.
ഏത് കിതാബിലെ നുസ്ഖ (Copy) പ്രകാരമാണ് താൻ എഴുതിയതെന്നും അതിന്റെ മാലിക് ആരാണെന്നും ഇതിൽ വ്യക്തമായി പരാമർശിക്കുന്നു. കൂടാതെ, മറ്റ് നുസ്ഖകളിൽ ഇപ്രകാരമുണ്ട് എന്നും ഉണർത്താറുണ്ട്. കിതാബിൻ്റെ പ്രാരംഭത്തിൽ അവലംഭിച്ചനുസ്ഖകളുടെ വിശദ വിവരങ്ങൾ നൽകുകയും തഹ് ഖീഖാക്കിയ ഇടങ്ങളിൽ " നൂൻ" (മുഹമ്മദ് ബിൻ ഹജിയവ്സിമിൻ്റെ നുസ്ഖ) ," ഖാഫ്" (ഖുർബാൻ മുഹമ്മദിൻ്റെ നുസ്ഖ) പോലെയുള്ള സൂചനാക്ഷരങ്ങൾ കൊണ്ടുള്ള ക്രമീകരണം മികച്ചതാണ്.
തുഹ്ഫയുടെ ശൈലിയനുസരിച്ച് മുമ്പ്തദഅ് (Subject) പറഞ്ഞ് നിരവധി ചർച്ചകൾക്ക് ശേഷം ഖബർ ( predicate ) പറയുന്ന രീതി വായനക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഇടങ്ങളിൽ കിതാബ് മുഴുവനും കൃത്യത നൽകിയിട്ടുണ്ട്. ആവശ്യാനുസരണം തർക്കീബും തശ്കീലും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യം മിൻഹാജ്, ശേഷം തുഹ്ഫയുടെ മത്ന്, അതിനുശേഷം ആവശ്യമായ തഅ്ലീഖാതുകൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ഓരോ പേജും ക്രമീകരിച്ചിട്ടുള്ളത്.
അനിവാര്യമായ ഇടങ്ങളിലെല്ലാം ഹാശിയതുൽ കർദി, ഹാശിയതു ശർവാനി, ഹാശിയതു ഇബ്നി ഖാസിം, ഹാശിയതു ശബ്റാമല്ലീസി, ഹാശിയതു ഉമർ അൽ ബസരീ, ഹാശിയതു റശീദി എന്നീ ആറു ഹാശിയകളിലെ പ്രധാന പോയിന്റുകൾ തഅ്ലീഖാതുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഹജർ (റ) ഹദീസിന്റെ ആശയം പറഞ്ഞ സ്ഥലങ്ങളിൽ, ആ ഹദീസ് അർത്ഥം വ്യക്തമാകുന്ന തരത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ചിലയിടങ്ങളിൽ 'ഇവിടെ രണ്ട് ഹദീസുകളുണ്ട്' എന്ന് തുഹ്ഫ പറയുമ്പോൾ, ആ ഹദീസുകൾ ദാഗിസ്താനിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപൂർവ്വ പദങ്ങളുടെ അർത്ഥം ആശയം ചോരാതെ വിശദമാക്കുകയും, ആധുനിക ശൈലിയിൽ അളവുകൾ വ്യക്തമാക്കുകയും ചെയ്തത് വളരെ സഹായകമാണ്. നിരവധി ഡിക്ഷ്ണറികൾ അവലംഭമാക്കിയാണ് ഗരീബായ പദങ്ങൾ വെക്തമാക്കിയത്. അൽ മുഅ്ജമുൽ വസ്വീത്വാണ് പ്രധാന അവലംഭം.
ഖിലാഫുള്ള (dispute) മസ്അലകളുടെ അവസാനം തുഹ്ഫയുടെയും മുഗ്നിയുടെയും നിഹായയുടെയും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം അയിരത്തി എണ്ണൂറ് മസ്അലകളാണ് അപ്രകാരം വിശദീകരിച്ചിട്ടുള്ളത്. ഇത് മദ്ഹബിലെ പ്രഭലമായ അഭിപ്രായങ്ങൾ സരളമായി മനസ്സിലാക്കാൻ വായനക്കാരന് ഏറെ ഉപകാരപ്പെടുന്നതാണ്. വിശുദ്ധ ഖുർആൻ വചനങ്ങൾ മുസ്വന്നിഫ് (Author) സൂചിപ്പിക്കുന്നിടത്ത് ആയത്ത് വെക്തമാക്കിയിട്ടുണ്ട്. ആസിം(റ) വിനെ തൊട്ട് രിവായത്ത് ചെയ്ത ഹഫ്സ്(റ)വിൻ്റെ ഖിറാഅത്തിൻ്റെ റസ്മിലാണ് ആയത്തുകൾ കൊണ്ട് വന്നിട്ടുള്ളത്. ഓരോ ആശയങ്ങളും വ്യത്യസ്ത ഖണ്ഡികകളായുള്ള ക്രമീകരണം കിതാബിന്റെ മനോഹാരിതയെ പ്രകടമാക്കുന്നു.
അബ്ദുസ്സലാം ഹാറൂൺ പറഞ്ഞതുപോലെ, "തഹ്കീഖ് എന്നത് മഹത്തായ കാര്യമാണ്. ഇത് രചനയ്ക്കാവശ്യമായതിലധികം പരിശ്രമവും ശ്രദ്ധയും ആവശ്യമുള്ള ശ്രമകരമായ ദൗത്യമാണ്." ജാഹിള് പറഞ്ഞിട്ടുണ്ട്: "ഒരു ഗ്രന്ഥകാരൻ പലപ്പോഴും ഒരു തെറ്റായ അച്ചടി തിരുത്താനോ, അല്ലെങ്കിൽ ഒരു തെറ്റിയ വാക്ക് ശരിയായ സ്ഥാനത്ത് പുനഃസ്ഥാപിക്കാനോ ആഗ്രഹിക്കാറുണ്ട്. എന്നാൽ, അതിനേക്കാൾ ലളിതം ഉന്നതമായ അർത്ഥങ്ങളും സൂക്ഷ്മമായ ഭാഷയും ഉൾക്കൊള്ളുന്ന പത്തു താളുകൾ പുതുതായി രചിക്കലാണ്. കാരണം, ആ കുറവ് പൂരിപ്പിച്ച് അതിനെ യഥാർത്ഥ ഭാഷാഭംഗിയോടെ വാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് അതിലേറെ പ്രയാസകരമാണ്." ഇത്രയും ശ്രമകരമായ ദൗത്യം ഭംഗിയിൽ നിർവ്വഹിച്ച മുസന്നിഫിന്റെ ഈ രചന, ശാഫിഈ സരണിയിലെ ഉലമാക്കൾക്ക് ലഭിച്ച അനുഗ്രഹമാണ്.


Comments (0)
You must be logged in to post a comment.
Loading comments...